HomeEntertainmentMalayalam Movieആരാണ് വാരിയൻ കുന്നൻ; അധികമാരും അറിയാത്ത കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം

ആരാണ് വാരിയൻ കുന്നൻ; അധികമാരും അറിയാത്ത കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രംഎഡി 1870 ൽ മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലാണ് കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജിയാണ് പിതാവ്.

കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ സാമൂതിരിരാജനുമായി അടുത്തബന്ധം പുലർത്തിയിരുന്ന കച്ചവട കുടുംബമായിരുന്നു ചക്കി പറമ്പത്തുകാർ. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാർ കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതോടെ അവരുമായി നിസ്സഹരണം ആയിരുന്നു.

തുടർന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് ഈ കുടുംബാംഗങ്ങൾ നേതൃത്വം നൽകിയിരുന്നു. ബ്രിട്ടീഷുകാർക്ക് എതിരെ പ്രവർത്തിച്ചത് കൊണ്ട് പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുക്കളും സമ്പത്തും ബ്രിട്ടീഷ് സാമ്രാജ്യം പലപ്പോഴായി പിടിച്ചെടുത്തു.ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും ഹാജിക്കും കുടുംബത്തിനും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്ന് വാരിയൻ കുന്നൻ എന്നായിരുന്നു പിൽകാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.

കുഞ്ഞഹമ്മദ് ഹാജിക്ക് ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മെക്കയിലും,ബോംബെയിലും ഉള്ള പ്രവാസി ജീവിതത്തിനിടെ അറബി, ഉർദു, പേർഷ്യൻ, ഇംഗ്ളീഷ് ഭാഷകളിൽ മികവ് നേടി.

ബ്രിട്ടീഷ് സർക്കാരിനെതിരെ 1894 അരങ്ങേറിയ മണ്ണാർക്കാട്‌ ലഹളയെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.

പ്രതികാരമായി ഭീമമായ തുക ഹാജിയുടെ കുടുംബത്തിൽ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികൾ കുടുംബ സ്വത്തുക്കളും 200 ഏക്കറോളം വരുന്ന കൃഷിഭൂമിയും ബ്രിട്ടീഷ് അധികാരികൾ കണ്ട് കെട്ടി. ഇത് ഹാജിയിലെ ബ്രിട്ടീഷ് വിരുദ്ധ വികാരം വർദ്ധിപ്പിക്കാൻ കാരണമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ കാരണം രണ്ടാമതും നാടുവിടേണ്ടി വന്ന ഹാജി മടങ്ങി വന്നെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകാതെ വീണ്ടും മക്കയിലേക്ക് തിരിച്ചയച്ചു.

1915 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തിൽ കയറരുത് എന്ന നിബന്ധനയിൽ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി അദ്ധ്വാനം കൊണ്ട് സമ്പന്നനായി മാറി.

നാളുകൾക്കു ശേഷം ജന്മ ഗ്രാമത്തിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും 1916-ൽ മലബാർ ജില്ല കലക്ടർ ഇന്നിസിനെ കരുവാരകുണ്ടിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പിന്നീട് വിട്ടയക്കപ്പെട്ടു.

കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാൻ പ്രശ്നങ്ങളിലും, സാമൂഹിക -മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളർക്കിടയിലും, മാപ്പിളാർക്കിടയിലും ഹാജിക്ക് സ്വാധീനം വർദ്ധിപ്പിച്ചു. “സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്.

അന്നത്തെ ഡെപ്യൂട്ടി കലക്ടർ സി. ഗോപാലൻ നായർ ഹാജിയെ കുറിച്ച് പറഞ്ഞത്:

ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയൻ കുന്നൻ ചമഞ്ഞിരുന്നത് എന്നാണ്.

ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല.

1920 ൽ ബ്രിട്ടീഷ് സൈന്യം മമ്പുറം പള്ളികളിൽ ആയുധ ശേഖരം ഉണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും ഉത്തരവിട്ടതിനെ തുടർന്ന്, ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റെയ്‌ഡ്‌ ചെയ്തു. ആയുധങ്ങൾ ഒന്നും കിട്ടിയില്ല. വെള്ളപ്പട്ടാളം മമ്പുറം മഖാം പൊളിച്ചെന്നും കിഴക്കേ പള്ളി മലിനമാക്കിയെന്നുമുള്ള വ്യാജ വാർത്ത പരക്കെ പരന്നു.

അധികം വൈകാതെ ആയിരക്കണക്കിനാളുകൾ മമ്പുറത്തേക്ക് എത്തി. കാരണമന്വേഷിക്കുവാൻ ചെന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടി വെച്ചതോടു കൂടി ജനക്കൂട്ടം അക്രാമകസക്തരായി പട്ടാളത്തെ എതിരിട്ടു. പട്ടാളം പിന്തിരിഞ്ഞോടി. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയൻകുന്നന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും. ഇതോടെ സമ്പൂർണ്ണർത്ഥത്തിൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി രാജാവായി മാറുകയായിരുന്നു.

പട്ടാളവും, പോലീസും, ബ്രിട്ടീഷ് അധികാരികളും പാലായനം ചെയ്തതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു. മലയാള രാജ്യം എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു നൽകിയ പേര്.

ബ്രിട്ടീഷുകാർക്ക് എതിരായ സമരത്തിന്റെ നേതൃത്വം കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്തതോടെ സമരം കൂടുതൽ ശക്തി പ്രാപിച്ചു. അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു.

മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു, അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്നായിരുന്നു പ്രധാനമായും അദ്ദേഹം‍ ജനങ്ങളെ ഉപദേശിച്ചിരുന്നത്. അങ്ങനെ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നൽകി.

പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ നിയന്ത്രിച്ചത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു.

അമ്പലത്തിനുള്ളിൽ പശുവിൻറെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർത്തകരോട് അനുഭാവം പുലർത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും പ്രസക്തമാണ്.

ശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി വെള്ള പടയെ നേരിട്ടിരുന്നത്. പട്ടാളത്തിൽ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാൻ ഉണ്ടായിരുന്നത്. മാപ്പിളമാരോടൊപ്പം കീഴാളരും, അഞ്ഞൂറോളം ഹിന്ദുക്കളും വാരിയൻ കുന്നന്റെ സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്നു.

ഒറ്റുകാരേയും ബ്രിട്ടീഷ് ചാരന്മാരേയും സമരക്കാർ വകവരുത്തിയിട്ടുണ്ട്. അവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു. അതേസമയം ഹിന്ദുവീടുകൾക്ക് സമരക്കാരിൽ നിന്നും മുസ്ലിംകൾ കാവൽ ഏർപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ മഞ്ചലിൽ എടുത്ത് വീട്ടിൽ എത്തിച്ച് കൊടുത്ത സംഭവങ്ങൾ വരേ ഉണ്ടായിട്ടുണ്ട്.

സ്വന്തം രാജ്യത്ത് മാത്രമല്ല അയൽ നാടുകളിലെ ബ്രിട്ടീഷ് സർക്കാർ പ്രവർത്തനം പോലും മന്ദീഭവിപ്പിക്കാൻ കുഞ്ഞഹമ്മദ് ഹാജിക്ക് കഴിഞ്ഞിരുന്നു ഗൂഡല്ലൂർ പോലീസ് ട്രയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തിയിട്ടുണ്ട്. ഒടുവിൽ കൂടെ നിന്നവരുടെ ചതിയിൽ ഹാജി അറസ്റ്റു ചെയ്യപ്പെടുന്നു.

1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിച്ചു.

വിധി കേട്ട കുഞ്ഞമ്മദാജി പറഞ്ഞു; “എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം”

ജനുവരി 20 ന് ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -